ആഗോള സമാധാന ശ്രമങ്ങളും മുഹമ്മദ് നബിയുടെ മാതൃകയും




ഹാഫിള് സഈദ് മേപ്പയ്യൂർ  


ആഗോള സമാധാനം ഇന്നത്തെ ലോകത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ആവശ്യകതകളിലൊന്നാണ്. സമാധാനം ഇല്ലാത്ത ഒരു സമൂഹം ഒരിക്കലും പുരോഗതി കൈവരിക്കാൻ സാധിക്കില്ല, സമാധാനമില്ലാതെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും സാധിക്കില്ല. ആഗോള തലത്തിൽ സമാധാനം നടപ്പിൽ വരുത്താനുള്ള ശ്രമങ്ങളുമായി പല രാജ്യങ്ങളും, സംഘടനകളും, വ്യക്തികളും മുന്നോട്ടുവരികയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും സമാധാനത്തിന് ഒരു സ്ഥിരമായ മാതൃകയും ദർശനവുമാണ് അനിവാര്യമായ ഘടകം. ഇക്കാര്യത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ (സ്വ) തങ്ങളുടെ ജീവിതം ഒരു വജ്രസമാന മാതൃകയായി എന്നും നിലകൊള്ളുന്നു. 


            മുഹമ്മദ് നബി (സ്വ)യുടെ ജീവിതവും സന്ദേശവും സമാധാനത്തിന്റെയും നീതിയുടെയും ഒരു ശ്രേഷ്ഠ മാതൃക തന്നെയാണ്. പ്രവാചകൻ (സ്വ) തങ്ങളുടെ പ്രബോധനം സമാധാനവും സഹിഷ്ണുതയും കേന്ദ്രീകരിച്ചുള്ളതാണ്. നബി (സ്വ) തങ്ങൾ AD-570-ൽ അറേബ്യയിൽ ഉദയം കൊള്ളുമ്പോൾ അന്നത്തെ സമൂഹം പകപോക്കലുകളുടെയും അനീതിയുടെയും നിശ്ചലാവസ്ഥയിൽ നിലകൊള്ളുകയായിരുന്നു. ഈ സാഹചര്യത്തിൽ നബി (സ്വ) സമൂഹത്തിൽ സമാധാനം കൊണ്ടുവരാൻ ശ്രമിച്ചു വിജയം കൈവരിച്ചത്. പ്രവാചകൻ മുന്നോട്ടുവച്ച സന്ദേശങ്ങളിൽ സമാധാനം ഒഴിച്ച് കൂടാൻ കഴിയാത്തതാണ്. 


ഹുദൈബിയ കരാറും സമാധാന ശ്രമവും


മുഹമ്മദ് നബിയുടെ (സ്വ) സമാധാന മുന്നേറ്റങ്ങളിലെ ഏറ്റവും മികച്ച ഉദാഹരണമാണ് ഹുദൈബിയ സന്ധി. ഹുദൈബിയ സന്ധി പ്രവാചകൻ മുഹമ്മദ് (സ്വ)യുടെ സമാധാന നയത്തിന്റെ തെളിവാണ്. ഈ സന്ധി പ്രാബല്യത്തിൽ വരുത്തിയത് യുദ്ധവും കലഹവും ഒഴിവാക്കി പ്രശ്നപരിഹാരത്തിന് നയതന്ത്ര മാർഗം ഉപയോഗിക്കുന്നതിനെ നമുക്ക് മഹത്തായ മാതൃകയായാണ് കാണപ്പെടുന്നത്. ഈ കരാർ ഇരു സമൂഹങ്ങൾക്കിടയുമുള്ള പ്രശ്നങ്ങൾ ലഘൂകരിക്കാനും, സമാധാനപരമായ സഹവർത്തിത്വം അവർക്കിടയിൽ സൃഷ്ടിക്കാനുമിടയാക്കിയെന്നത് വാസ്തവമാണ്.


          മുഹമ്മദ് നബി (സ്വ) വലിയ വെല്ലുവിളികൾക്കിടയിലും സമാധാനം നിലനിർത്താൻ ആഗ്രഹിച്ചു. പ്രവാചകന്റെ അധ്യാപനങ്ങൾ ജനങ്ങളെ മിതത്വത്തിലേക്കും സഹനത്തിലേക്കും നയിക്കാനും, അനാവശ്യമായ കലാപങ്ങൾ ഒഴിവാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ദരിദ്രരായും നിരാകരിക്കപ്പെട്ടവരായും ജീവിക്കുമ്പോൾ പോലും,  പ്രവാചകൻ ഇസ്‌ലാമിന്റെ പ്രബോധനം സമാധാനത്തോടെയും മനുഷ്യാവകാശ മൂല്യങ്ങളോട് കൂടെയും മുന്നോട്ട് പോയി. ലോകത്ത് ഇത്പോലൊരു നായകനെ, സമാധാന ദർശകനെ നമുക്കെവിടെയും കാണാൻ സാധിക്കില്ല.


ആഗോള സമാധാനം മുഹമ്മദ് നബി (സ്വ) തങ്ങളിലൂടെ


മുഹമ്മദ് നബി (സ്വ)യുടെ ദർശനത്തിലൂടെ ആഗോള സമാധാനം ലക്ഷ്യമാക്കിയത് വിപുലമായത് മാത്രമല്ല, ആഴമായതും സമഗ്രമായതുമാണ്. പ്രവാചകന്റെ സന്ദേശം മതം, വർഗ്ഗം, ദേശം തുടങ്ങിയ അതിർത്തി വ്യത്യാസങ്ങളെല്ലാം മറികടന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനത്തിന്റെ മാർഗ്ഗദർശനമായി മാറാൻ ശേഷിയുള്ളതാനെന്ന് പ്രവാചക ജീവിതം   പഠിക്കുന്നത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.


ഇന്നത്തെ ലോകത്തും നബി (സ്വ) തങ്ങളുടെ പ്രബോധനങ്ങൾ ആഗോള തലത്തിലുള്ള സമാധാന ശ്രമങ്ങൾക്ക് മാർഗ്ഗദർശനമായി മാറുന്നു. രാജ്യങ്ങൾ തമ്മിലുള്ള വൈരങ്ങളും സംഘർഷങ്ങളും പരിഹരിക്കുവാനും, മനുഷ്യാവകാശങ്ങളും നീതിയും ഉറപ്പുവരുത്താനും, നബി (സ്വ)യുടെ സമാധാന സന്ദേശം പിൻപറ്റുന്നതിലൂടെ അവിടെയും നന്മയുടെ നിലവറയായി പ്രവാചകൻ മാറുന്നു.  


                  ആഗോള സമാധാന ശ്രമങ്ങൾ ലോകത്ത് സ്ഥിരമായ സമാധാനത്തിനായി നീങ്ങുമ്പോൾ, മുഹമ്മദ് നബി (സ്വ)യുടെ മാതൃക ഇന്നും ലോകത്തിന് സമാധാന മൂല്യം ഉറപ്പ് നൽകുന്നുണ്ട് എന്നറിയുമ്പോൾ പ്രവാചകൻ കൊളുത്തിയ ദീപം എത്രമാത്രം അനന്തമായതാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. സമാധാനം കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ വ്യക്തിഗതമായും സമൂഹപരമായും ആഗോള തലത്തിലുള്ളതുമായ സമഗ്രമായ ഒരു പരിഷ്‌കരണം ആവശ്യമാണ്. നബി (സ്വ)യുടെ ഉപദേശങ്ങളിൽ ഉൾക്കൊള്ളുന്ന ക്ഷമ, സ്നേഹം, സലാം പറയൽ, പുഞ്ചിരി എന്നിവയാണ് സമാധാനത്തിൻ്റെ ജീവനാഡി. അവകൾ ജനമനസ്സുകളിലേക്ക് അവാഹിക്കലാണ് സമാധാനത്തിനുള്ള പഥമ വഴി. ജന മനങ്ങളിലെ പരിവർത്തനം ഭരണാധികാരികളിലൂടെ സാധ്യമാകുമ്പോൾ മാത്രമാണ് സമാധാന ശ്രമങ്ങൾ വിജയത്തിലേക്കെത്തുകയുള്ളൂ. ഭരണാധികാരികളിൽ അത്തരം ആശയങ്ങൾ സന്നിവേശിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയെ പോലുള്ള സംഘടനകൾ മുന്നോട്ട് വരൽ അനിവാര്യമാണ്. 

അധികാരം പണം സമ്പാദിക്കലും സ്വയം ലഭം കൊയ്യാലുമല്ല, മറിച്ച് സഹജീവികൾക്ക് സമാധാനം ഉറപ്പാക്കലും നീതി നടപ്പാക്കലുമാണ്. അതിലാണ് പ്രവാചകൻ ഏറ്റവും വലിയതും വ്യക്തവുമായ വിജയം കൈവരിച്ചത്  അതിനാൽ തന്നെ മുഹമ്മദ് നബി (സ്വ)യുടെ സമാധാന ദർശനം ഇന്നും സമൂഹത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്.

Post a Comment

0 Comments