നബി (സ), പൂർണ്ണ മനുഷ്യൻറെ സമഗ്ര മാതൃക




ഹാഫിള് റഈസ് വെളിമണ്ണ 


പ്രപഞ്ചത്തിലെ അചേതന വസ്തുക്കളിൽ നിന്ന് ജീവികളെ വ്യതിരിക്തമാക്കുന്നത് അവയുടെ ജീവൻ എന്ന അദൃശ്യ കഴിവാണ്. ജീവികളിൽ മനുഷ്യന് പ്രത്യേകമാക്കുന്നത് വിവേകവും. എന്നാൽ ആ വിവേകം മനുഷ്യരിൽ തന്നെ ചിലരെ മഹോന്നതരായി വേർതിരിക്കുന്നുണ്ട്. ബുദ്ധിയും വിവേകവും അതിൻറെ നിഷ്പന ഗുണങ്ങളായ അപര പെരുമാറ്റവും സ്വഭാവവും നേതൃഗുണവും വ്യക്തിത്വപ്രഭാവവും കൊണ്ട് ജീവിതത്തിൽ മാതൃകയാകുന്നവരെ നമുക്ക് കാണാം. എന്നാൽ ജീവിതകാലത്തും ജീവിതാനന്തരം 14 സഹസ്രാബ്ധങ്ങൾക്കിപ്പുറവും ഒരു മനുഷ്യൻ മനുഷ്യർക്കാകെ മാതൃകയാകണമെങ്കിൽ ആ ജീവിതം അത്രമേൽ സംശുദ്ധവും സൽഗുണ സമ്പന്നവും ആയിരിക്കണം. അതെ അങ്ങനെയുള്ള ഒരേയൊരു വ്യക്തി പ്രവാചകൻ (സ) മാത്രമാണ്. ഈ പ്രപഞ്ച സൃഷ്ടിപ്പിന്റെ കാരണക്കാരൻ, സമ്പൂർണ്ണ മനുഷ്യനായ പ്രവാചകനെ മാത്രമേ ആ മഹത്വം ഉണ്ടാവുകയുള്ളൂ എന്നത് സ്വാഭാവികമാണ്. ആറാം വയസ്സിലെ അനാഥനായ നിഷ്കളങ്ക ബാല്യത്തോട് മാതാവ് ആമിന (റ) മരണാസന്ന നേരത്ത് നൽകിയ അന്ത്യോപദേശത്തെ അർത്ഥപൂർണ്ണമാക്കുന്നതായിരുന്നു അവിടുത്തെ ജീവിതം.'കുൻ റജുലൻ' എന്ന ഉമ്മാൻറെ അന്ത്യാഭിലാഷം അടങ്ങിയ അന്ത്യോപദേശം ഉൾപ്പൊരുളാക്കിയ ആ ബാലനാണ് പിന്നീട് സമ്പൂർണ്ണ മനുഷ്യനായത്. റജുൽ എന്ന അറബി പദത്തിന് മനുഷ്യത്വമുള്ള ഒരു വ്യക്തി അല്ലെങ്കിൽ പൂർണ്ണനായ വ്യക്തി എന്ന് അർത്ഥം നൽകിയവരുണ്ട്. വഹീന്റെ പൊരുളിറങ്ങിയ സമ്പൂർണ്ണ മനുഷ്യനായിരുന്നു പ്രവാചകൻ (സ).

ജന്മവും ജീവിതവും മരണവും വിശുദ്ധമാവുന്നതിലൂടെയാണ് വ്യക്തിത്വം പൂർണ്ണമാകുന്നത്. പ്രവാചക ജീവിതത്തെ പഠിക്കാൻ ശ്രമിച്ചവരെല്ലാം ആ വ്യക്തി പ്രഭാവത്തിന് മുന്നിൽ ലയിക്കുകയായിരുന്നു. കാരണം ജമാലിയത്തിന്റെ പൂർണ്ണതയായിരുന്നു പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ വ്യക്തിത്വപ്രഭാവം.

പ്രവാചകരുടെ ജീവിതം ദർശിച്ചവർക്ക് അവിടുത്തെ വ്യക്തിത്വം ബോധ്യപ്പെടുത്തേണ്ട ആവശ്യകത ഇല്ലായിരുന്നു. അവിടുത്തെ ബന്ധവൈദികളായ ശത്രുക്കൾ പോലും അവിടുത്തെ നിശ്ചിത്തത്തെ ആക്ഷേപിച്ചതായിട്ട് കാണാൻ സാധിക്കില്ല, കല്ലെറിഞ്ഞതും നാടുകടത്തിയതും വധശ്രമം നടത്തിയതും വ്യഭിചാരത്തിനോ മോഷണത്തിനോ ആയിരുന്നില്ല, അങ്ങനെയൊരു ആരോപണത്തിനു പോലും അവസരം ഉണ്ടായിരുന്നില്ല. കാരണം മക്കയിലെ മുഹമ്മദ് നബി (സ) യോളം പരിശുദ്ധനായ ഒരു വ്യക്തിയുമില്ലെന്ന് അവർക്ക് പൂർണ ബോധ്യമായിരുന്നു. 

              പ്രവാചക നിയോഗത്തെ വിശുദ്ധ ഖുർആൻ നിദാനം ആക്കുന്നത് റഹ്മത്തിനോടാണ്. ലോകർക്ക് മുഴുവൻ അങ്ങ് റഹ്മത്ത് ആയിട്ട് അല്ലാതെ അങ്ങയെ അയച്ചിട്ടില്ലെന്ന് പറയുന്നതിൻ്റെ പൊരുളും അവിടുത്തെ സമ്പൂർണ്ണമായ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. മക്കയിലെ ദാറുന്നദ് വയിൽ മുഹമ്മദിനെ(സ) വധിക്കുന്നവന് നൂറ് ഒട്ടകം ഇനമായി പ്രഖ്യാപിച്ചപ്പോൾ അരയിൽ ഉറപ്പിച്ച വാളിന്റെ മൂർച്ച നോക്കി സധൈര്യം പുറപ്പെട്ട സുറാഖത്തിന്റെ കണ്ണുകളിൽ തെളിവട്ടം വീണതും, തന്റെ സഹോദരി മുസ്ലിമായത് അറിഞ്ഞ് അരിശം മൂത്ത് പ്രവാചകനെ വധിക്കാൻ പോയ ഉമറിന്റെ ഖഡ്ഗം വീണതും ആ റഹ്മത്ത് കൊണ്ടായിരുന്നു. ശത്രുക്കളോടുള്ള പെരുമാറ്റത്തിൽ പോലും മാന്യതയും മനുഷ്യത്വ സമീപനവും സ്വീകരിക്കണമെന്നും യുദ്ധ വേളയിൽ സ്ത്രീകളേയും കുട്ടികളേയും പരിസ്ഥിതിയേയും നോവിക്കരുതെന്നുമുള്ള അവിടുത്തെ അധ്യാപനവും ആ റഹ്മത്തിൽ നിന്ന് തന്നെയായിരുന്നു. 

സൃഷ്ടാവായ നാഥന്റെ രണ്ടു നാമങ്ങളായ റഊഫും റഹീമും കൊണ്ട് നബി തങ്ങളെ അല്ലാഹു പുകഴ്ത്തിയതും ആ വ്യക്തിയിലടങ്ങിയ റഅ്ഫതും റഹ്മത്തും കൊണ്ടായിരുന്നു.

അനാഥ കുഞ്ഞിന്റെ മുന്നിൽവച്ച് ഒരു പിതാവും തൻറെ കുഞ്ഞിനെ താലോലിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകാധ്യാപനവും അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറക്കുന്നവൻ നമ്മിൽ പെട്ടവനല്ലെന്ന് പഠിപ്പിച്ചതും റഅ്ഫതിൻ്റെ സാരമോതുന്നതാണ്. അവിടുത്തെ ലാളിത്യം മനുഷ്യരുടെ മാത്രമായിരുന്നില്ല, വലയിൽ പെട്ട മാൻപേടക്ക് തൻ്റെ ജീവിതം പണയം വച്ച് ജാമ്യക്കാരനായതും തന്നെ ഉപേക്ഷിക്കല്ലേ എന്ന് വിതുമ്പി കരഞ്ഞ ഈന്തപ്പന തടിയും ആ വ്യക്തിത്വ ത്തിൻറെ സൗരഭ്യം ആവാഹിച്ചത് ആയിരുന്നു.


സംസ്കാരശൂന്യരായ ഒരു സമൂഹത്തെ അത്യുത്തമമായ സംസ്കാര ദിശയിലേക്ക് ഉയരാൻ പ്രാപ്തമാക്കിയ ഒരു നേതാവിന്റെ നേതൃത്വ യോഗ്യതയും അനിഷേധ്യമാണ്. ആബാലവൃദ്ധം അനുയായികളുടെ കണ്ണിലെ ചോരയായി നേതാവായി വിരാജിക്കുമ്പോഴും അങ്ങാടി ചന്തയിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന സ്വഹാബിവര്യൻറെ പിന്നിലൂടെ ചെന്ന് വിയർപ്പൊലിക്കുന്ന ആ ശരീരത്തെ ചേർത്തുപിടിച്ച് 'മൻ അന(ഞാൻ ആര്)' എന്ന് ചോദിക്കുന്ന നേതാവിന്റെ ലാളിത്യം എത്രമേൽ ഉൽകൃഷ്ടമാണ്. നേതൃ നിരയിൽ നിന്ന് കാര്യം നടപ്പിലാക്കി എന്നതല്ല, നേതൃസ്വരങ്ങളെ ശിരസ്സാവഹിക്കാനും അച്ചടക്കത്തോടെ പ്രവർത്തിക്കാനും ഒരു സമൂഹത്തെ സന്നദ്ധരാക്കി എന്നതിനൊപ്പം അവരിൽ ഒരുവനായി കൂടെ നിന്നു എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ജബലുറുമാതിൽ അണിനിരത്തിയ സൈന്യം ആജ്ഞ തെറ്റിച്ച സന്ദർഭം ഉഹ്ദിൽ സംഭവിച്ച വീഴ്ച നേതൃത്വത്തെ അനുസരിക്കാത്തതിന്റെ പാഠമായി ഉപദേശിക്കുന്നത് ഉത്തമരായ അനുയായികളെ വാർത്തെടുക്കുന്ന മനോഹര ചിത്രമാണ്.


ഇതിനാലാണ് ആ പ്രഭാവലയത്തിൽ നിന്ന് പാറി പോകാത്ത ഇയ്യാം പാറ്റകളായി അനുയായികൾ മാറുന്നതും. തീർന്നില്ല അവിടുത്തെ വ്യക്തി ഗുണങ്ങൾ.. ഇസ്ലാമെന്ന മഹാ ആദർശത്തിന്റെ പ്രബോധകനും അനേകായിരം അനുയായികളുടെ നേതാവും ഭൗതിക സാമ്രാജ്യത്തിന്റെ അധിപനുമായിരിക്കുമ്പോഴും അവിടുന്ന് ഒരു കുടുംബനാഥൻ ഒരു ഭർത്താവ് എങ്ങനെ ആയിരിക്കണം എന്നും അതിൻറെ ഉത്തമ മാതൃകയും കാണിച്ചു തന്നു. ജനിച്ചത് പെൺകുഞ്ഞ് ആണെന്ന് അറിഞ്ഞാൽ കുഴിമാടം വെട്ടി കാത്തിരിക്കുന്ന പിതാവിൻറെ കാടത്തത്തിൽ നിന്നും, പെൺകുഞ്ഞ് പിറന്നതിനാൽ അപഹാസ്യനാകുന്ന ജഹാലത്തിന്റെ കരാട ഹസ്തങ്ങളിൽ നിന്നും സ്ത്രീ വിമോചകരായി കടന്നുവന്ന പ്രവാചകൻ (സ) വിധവകളും കന്യകയുമായി 11 സ്ത്രീകളെയാണ് വിവാഹം കഴിച്ചത്. തബ്ലീഗിന്റെ തിരക്കിനിടയിലും ഭാര്യമാരോട്  സന്തോഷം പങ്കിടുന്നതും തമാശ പറയുന്നതും കളിക്കുന്നതും കുട്ടികളോട് വാത്സല്യം കാണിക്കുന്നതും ആ വ്യക്തിത്വത്തിൽ പെട്ടത് തന്നെയാണ്. 


നുബൂവത്തിനു മുമ്പേ സമ്പൂർണ്ണ വ്യക്തി പ്രഭാവത്തിനുടമയായ നബി(സ) കേവലം 63 വർഷം എന്ന ഒരു പുരുഷായുസ്സിൽ മാതൃകാ ബാലനായി, യുവാവായി, അൽ അമീനായി, സൗമ്യനായി, തർക്കപരിഹായ കേന്ദ്രമായി, പ്രവാചകനായി, നേതാവായി, ഭർത്താവായി, പിതാവായി, പിതാമഹനായി, പ്രബോധകനായി, യുദ്ധതന്ത്രജ്ഞനായി, സേനാനായകനായി, സമാധാന ദൂതനായി, പരിസ്ഥിതി സംരക്ഷകനായി, സ്ത്രീ വിമോചകനായി, അടിമ വിമോചകനായി, സാമൂഹ്യ പരിഷ്കർത്താവായി, ഭരണാധികാരിയായി, റബ്ബിന്റെ ഇഷ്ട അടിമയായി ജീവിച്ച ആ വ്യക്തിത്വം സമ്പൂർണ്ണ മനുഷ്യൻറെ സമഗ്ര മാതൃക തന്നെ....... സ്വല്ലല്ലാഹു അലൈഹി വസല്ലം...

Post a Comment

0 Comments