ഹാഫിള് ശുഹൈബ് പന്നിപ്പാറ
പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒരു ആരാധനയാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം. മറ്റ് നാല് കാര്യങ്ങളും പൂര്‍ത്തിയാക്കിയാലും കഴിവുള്ളവന്‍ ഹജ്ജ് നിര്‍വ്വഹിച്ചില്ലെങ്കില്‍ അവനില്‍ ഇസ്ലാം പൂര്‍ത്തിയാവുകയില്ല. അശ്റഫുല്‍ ഖല്‍ഖായ നബി(സ്വ)യുടെ ശക്തമായ താക്കീത് ഇക്കാര്യത്തിന്റെ ഗൌരവം വ്യക്തമാക്കിത്തരുന്നു. അവിടുന്ന് പറഞ്ഞു: “ഒരാള്‍ ക്ക് കഅ്ബാ ശരീഫ് വരെ എത്തിച്ചേരുവാനാവശ്യമായ വാഹനം, ഭക്ഷണം ആദിയായ സൌകര്യങ്ങള്‍ ലഭ്യമായിട്ടും ഹജ്ജ് ചെയ്യാതിരിക്കുന്ന പക്ഷം അവന്‍ ജൂതനോ നസ്വ്റാണിയോ ആയി മരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല” (തിര്‍മുദി). ഇസ്ലാമിലെ മറ്റ് ആരാധനകളെ അപേക്ഷിച്ച് കൂടുതല്‍ സാഹസം ആവശ്യമായതാണ് ഹജ്ജ്. നിസ്കാരത്തില്‍ ശാരീരികാധ്വാനവും മനസാന്നിധ്യവും വിനിയോഗിക്കുന്നു. വ്രതാനുഷ്ഠാനത്തിലാകട്ടെ ശാരീരികാധ്വാനമാണ് പ്രധാനം. സകാത് കര്‍മ്മത്തില്‍ ധനവ്യയം മാത്രമേയുള്ളൂ. എന്നാല്‍ ഹജ്ജ് കര്‍മ്മത്തില്‍ ശാരീരിക ത്യാഗം, ധനവ്യയം, മാനസിക സമര്‍പ്പണം എന്നീ മൂന്നു വിഷയങ്ങളും ഒരുമിച്ച് വിനിയോഗിക്കപ്പെടുന്നു. ഇതുപോലെ ഇവ മൂന്നും ഉപയോഗപ്പെടുത്തുന്ന മറ്റൊരു ആരാധനയും ഇസ്ലാമിലില്ല. മറ്റ് ആരാധനകള്‍ക്കൊന്നും പ്രഖ്യാപിക്കപ്പെടാത്ത മഹത്തായ പ്രതിഫലങ്ങളും നേട്ടങ്ങളും വിജയങ്ങളും ഹജ്ജ് കര്‍മ്മത്തിനു ലഭിക്കുമെന്ന് പ്രമാണങ്ങളില്‍ വന്നിരിക്കുന്നു. മഹാനായ നബി(സ്വ) പറഞ്ഞു: “മബ്റൂറായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല” ഹജ്ജ് ചെയ്യുന്നവന്‍ തന്റെ കുടുംബത്തിലെ നാനൂറ് പേര്‍ക്ക് ശിപാര്‍ശ നടത്തിയാല്‍ സ്വീകരിക്കപ്പെടും
ഹജ്ജ്‌ജിന്റെ
റുക്‌നുകൾ
1.ഇഹ്‌റാം കെട്ടൽ
2.അറഫയിൽ നിൽക്കൽ
3.ഇഫാളത്തിന്റെ ത്വവാഫ് ചെയ്യുക
4.സഫ -മറവക്കിടയിൽ സഅയ് ചെയ്യുക
5.തല മുണ്ഡനം ചെയ്യുക
6.തർതീബ്
ഹജ്ജിന്റെ
വാജിബാത്തുകൾ
1.മീഖാത്തിൽ നിന്ന് ഇഹ്‌റാം കെട്ടൽ
2.മുസ്തലിഫയിൽ രാപ്പാർക്കുക
3.മിനായിൽ രാപ്പാർക്കുക
4.വിദാഇന്റെ ത്വയ്ഫ്
5.ജംറയിൽ കല്ലെറിയുക
ഹജ്ജിന്റെ സുന്നത്തുകൾ
ഇഹ്റാമിന് വേണ്ടിയും ,മക്കയിൽ പ്രവേശിക്കൽ ,മുസ്തലിഫയിൽ രാപ്പാർക്കൽ അയ്യാമുത്തശ്രീഖ് ദിവസങ്ങളിൽ ജംറകളിൽ ഏറിയാൽ തുടങ്ങിയവക്ക് വേണ്ടി കുളിക്കുക,
ഇഹ്റാമിന് മുമ്പ് സുഗന്ധം പൂശുക ,തല്ബിയത് ചൊല്ലുക ,ഖുദൂമിന്റെ ത്വവാഫ് ,അറഫയുടെ രാത്രി മിനായിൽ രാപ്പാർക്കുക ,മശ്അറുൽ ഹറാമിൽ നിൽക്കുക തുടങ്ങിയവയാണ്
ഹജ്ജ് കര്‍മം ഒറ്റനോട്ടത്തില്‍
ചാന്ദ്രവര്‍ഷമനുസരിച്ചുള്ള കാലഗണനയിലെ പന്ത്രണ്ടാം
മാസമായ ദുല്‍ഹിജ്ജ എട്ടുമുതല്‍ പതിമൂന്നു വരെയുള്ള ആറു ദിനങ്ങളിലാണ് ഹജ്ജിന്റെ കര്‍മങ്ങള്‍
നിര്‍വഹിക്കപ്പെടുന്നത്.
എട്ട് (യൗമുത്തർവിയ):ഉച്ചയാകുമ്പോഴേക്കും ഹാജിമാര്‍ മിനായില്‍ എത്തുന്നു. അവിടെ ടെന്റുകളിലോ
പുറത്തോ താമസിക്കുന്നു. ദുഹ്ര്‍, അസ്വ്ർ, ഇശാ എന്നീ നമസ്‌കാരങ്ങള്‍ ഖസ്‌റായും (രണ്ടു റക്അത്തായി) മറ്റു നമസ്‌കാരങ്ങള്‍ സാധാരണ
നിര്‍വഹിക്കുന്നത് പോലെയും ജംആക്കാതെ (ഒന്ന് മറ്റൊന്നിന്റെ സമയത്ത് ചേര്‍ക്കാതെ)
നമസ്‌കരിക്കുന്നു. ദിക്ര്‍, ദുആ, ഖുര്‍ആന്‍ പാരായണം തുടങ്ങിയ നന്മകളുമായി പിറ്റേന്ന് പ്രഭാതോദയംവരെ അവിടെ നില്‍ക്കുന്നു.
ഒമ്പത് (യൗമു അറഫ):സൂര്യനുദിച്ച ശേഷം തല്‍ബിയതുമായി
അറഫയിലേക്ക് പുറപ്പെടുന്നു. അറഫയുടെ അതിര്‍ത്തിയിലുള്ള മസ്ജിദുന്നമിറയിലെത്തി
ഉച്ചതിരിഞ്ഞശേഷമുള്ള ഇമാമിന്റെ പ്രഭാഷണം ശ്രവിച്ച്, ദുഹ്‌റും അസ്‌റും ജംഉം ഖസ്‌റുമായി നമസ്‌കരിച്ച് അറഫ മൈതാനിയിലേക്ക്
നീങ്ങുന്നു. അവിടെ പ്രാര്‍ഥനാകീര്‍ത്തനങ്ങളുമായി സൂര്യനസ്തമിക്കുന്നതുവരെ
താമസിക്കുന്നു. ശേഷം സാവകാശം മുസ്ദലിഫയിലേക്ക് നീങ്ങുന്നു. അവിടെ എത്തിയ ഉടനെ മഗ്‌രിബും
ഇശാഉം നമസ്‌കാരങ്ങള്‍ ജംഉം കസ്‌റുമാക്കി നമസ്‌കരിക്കുന്നു. വേഗം ഉറങ്ങുന്നു.
രോഗികളോ ദുര്‍ബലരോ ആയവര്‍ പാതിരക്കുശേഷം മസുദലിഫയില്‍ നിന്ന് മിനായിലേക്ക്
നീങ്ങുന്നു. മറ്റുള്ളവര്‍ സ്വുബ്ഹ് ബാങ്ക് കൊടുത്ത ഉടനെ നമസ്‌കരിച്ച് മശ്അറുല്‍
ഹറാമിലോ തനിക്ക് സൗകര്യപ്പെട്ട സ്ഥലത്തോ ഇരുന്ന് ദിക്ര്‍ ദുആകളില്‍ മുഴുകുന്നു.
സൂര്യോദയത്തിന് അല്പം മുമ്പായി മിനായിലേക്ക് പുറപ്പെടുന്നു.
പത്ത്
(യൗമു ന്നഹർ ):മിനായില്‍ തിരിച്ചെത്തുന്ന ഹാജി ഉടനെ ജംറതുല്‍ അഖബയില്‍ കല്ലേറു നടത്തുന്നു.
മിനായില്‍ ഹജ്ജിന്റെ ബലി നടത്തേണ്ട ഖാരിനും മുതമത്തിഉം അതു നിര്‍വഹിച്ച്
തലമുടിയെടുക്കുന്നു. ഇതോടെ ഇഹ്‌റാമില്‍ നിന്ന് ഭാഗികമായി ഒഴിവാകുന്നു. സാധാരണവേഷം
സ്വീകരിക്കുന്നു. ഇഹ്‌റാമില്‍ നിഷിദ്ധമായ സ്ത്രീ സംസര്‍ഗമല്ലാത്ത കാര്യങ്ങളെല്ലാം
അനുവദനീയമായി. ശേഷം മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കുന്നു.
മഖാമു ഇബ്‌റാഹീമില്‍ നമസ്‌കാരം. പിന്നീട് സഫാമര്‍വക്കിടയില്‍ സഅ്‌യ് നിര്‍വഹിച്ച്
ഇഹ്‌റാമില്‍ നിന്ന് പൂര്‍ണമായും മുക്തനായി ആരാധനകളുമായി മിനായില്‍ താമസിക്കുന്നു.
പതിനൊന്ന്
(യൗമു
ത്തശ്
രീഖ്
):ഉച്ചയ്ക്കുശേഷം ജംറകളിലേക്ക് കല്ലേറിനായി നീങ്ങുന്നു. ആദ്യം
ജംറതുല്‍ ഊലായില്‍ കല്ലെറിയുന്നു. ഖിബ്‌ലക്കഭിമുഖമായി പ്രാര്‍ഥിക്കുന്നു, ശേഷം ജംറതുല്‍
വുസ്ത്വായില്‍ കല്ലെറിഞ്ഞ് ഖിബ്‌ലക്കഭിമുഖമായി നിന്ന് പ്രാര്‍ഥിക്കുന്നു.
അവസാനമായി ജംറതുല്‍ കുബ്‌റായില്‍ കല്ലെറിയുന്നു. ഇവിടെ പ്രാര്‍ഥനയില്ല. തിരിച്ചു
മിനായിലെ താമസസ്ഥലത്തെത്തുന്നു. ആരാധനയില്‍ കഴിയുന്നു. ഹജ്ജിന്റെ പ്രായശ്ചിത്ത
നോമ്പ് നോല്‍ക്കാനുള്ളവര്‍ക്ക് ഈ ദിവസം നോമ്പ് തുടങ്ങാം. പത്തില്‍ മൂന്നെണ്ണം
മക്കയില്‍വെച്ച് നിര്‍വഹിക്കേണ്ടതാണ്.
പന്ത്രണ്ട്
(യൗമു ത്തശ്
രീഖ് ):പതിനൊന്നിന്റെ കര്‍മങ്ങള്‍ ആവര്‍ത്തിക്കുന്നു. നാട്ടിലേക്ക് പോകാന്‍
ധൃതിയുള്ളവര്‍ക്ക് ഉച്ചക്കു ശേഷമുള്ള കല്ലേറ് കഴിഞ്ഞ് മിനായില്‍ നിന്ന്
യാത്രതിരിക്കാം. ന്യായമായ കാരണമില്ലാതെ വൈകുന്നവര്‍ അന്നുപോകാന്‍ പാടില്ല.
പന്ത്രണ്ട്
(യൗമു ത്തശ്
രീഖ് ):മുന്‍ ദിവസങ്ങളിലെ കര്‍മങ്ങള്‍ ആവര്‍ത്തിക്കുക. ഹജ്ജ് അവസാനിച്ചു.
നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് വിടവാങ്ങല്‍ ത്വവാഫ് നടത്തി മക്ക വിടാം. ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ളവര്‍ക്ക് ത്വവാഫുല്‍ വിദാഅ് ആവശ്യമില്ല.
.
ത്വവാഫ്
ചെയ്യാനുള്ള
ശർത്തുകൾ
1.നജസിൽ നിന്നും അശുദ്ധിയിൽ നിന്നും ശുദ്ധിയാകുക.
2.ഔറത് മറക്കുക.
3.നിയ്യത്ത്.
4.ശരീരം ഹജറുൽ
അസ്‌വദിനോട് നേരിട്ട് തുടങ്ങുക .
5.കഅബയെ ഇടത്
ഭാഗത്തു ആക്കുക
6.ത്വവാഫ് 7 പ്രാവിശ്യം ആവുക .
ത്വവാ്ഫിന്റെ
സുന്നത്തുകൾ
ഹജറുൽ അസ്‌വദ് മുത്തം വെച്ച്
തുടങ്ങുക ,ഓരോ പ്രവിശ്യവും തൊട്ട് മുത്തം വെക്കുക,സഇയിന് ശേഷമുള്ള ത്വാവാഫിൽ
ആദ്യത്തെ മൂന്നു നടത്തത്തിൽ റംല് നടത്തം നടക്കുക ,റുഖ്‌നുൽയമാനി തൊട്ട് മുത്തുക തുടങ്ങിയവയാണ്.
ഇഹ്‌റാം കെട്ടൽ
1.
ഇഫ്റാദ്
2. തമത്തുഅ് 3.
ഖിറാന്‍
4. ഇത്വ്ലാഖ്
ഹജ്ജിലോ
ഉംറയിലോ പ്രവേശിക്കാന്‍ കരുതുന്നതിന് ഇഹ്റാം ചെയ്യുക എന്നു പറയുന്നു. മറ്റ്
ആരാധനകളുടെ നിയ്യത്തിന്റെ സ്ഥാനത്താണ് ഇഹ്റാം. നാല് രൂപത്തില്‍ ഹജ്ജ്,
ഉംറയില്‍ പ്രവേശിക്കാവുന്നതാണ്. ഏത് രൂപമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അത്
ഇഹ്റാമിന്റെ സമയത്തു തീരുമാനിക്കേണ്ടതും അപ്രകാരം കര്‍മ്മം പൂര്‍ത്തിയാക്കേണ്ടതുമാണ്.
1. ഇഫ്റാദ്
ഹജ്ജിന്റെ
മാസങ്ങളില്‍ മീഖാത്തില്‍ വെച്ച് ഹജ്ജിനു മാത്രം ഇഹ്റാം ചെയ്ത് മക്കയിലെത്തി
ഹജ്ജിന്റെ ദിവസങ്ങള്‍ വരെ ഇഹ്റാമില്‍ തന്നെ കാത്തിരുന്ന് ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍
പൂര്‍ത്തിയാക്കിയ ശേഷം ഹറമിന്റെ പുറത്തുപോയി ഉംറക്ക് ഇഹ്റാം ചെയ്തു ഉംറയുടെ കര്‍മ്മങ്ങള്‍
പൂര്‍ത്തിയാക്കുക. ഈ രൂപമാണ് ഏറ്റവും ശ്രേഷ്ഠമായത്.
വളരെ
നേരത്തേ മക്കയിലെത്തുന്നവര്‍ക്ക് പ്രായോഗിക തലത്തില്‍ ഈ രീതി ചില
പ്രയാസങ്ങളുണ്ടാക്കുന്നതാണ്. ഇവര്‍ ഹജ്ജു ദിവസം വരെ ഇഹ്റാമിന്റെ മര്യാദകള്‍
പാലിച്ച് അതേ പ്രകാരം കഴിച്ചുകൂട്ടേണ്ടിവരും. നീണ്ട ദിവസങ്ങള്‍ ഇഹ്റാമില്‍ തുടരുക
എന്നത് പല പ്രശ്നങ്ങള്‍ ക്കും ഇടവരുത്തും. മുടികൊഴിഞ്ഞുപോവുക,
എണ്ണയോ സുഗന്ധമോ ഉപയോഗിക്കുക മുതലായ വല്ല നിഷിദ്ധ കാര്യങ്ങളും വന്നുപോകാന്‍
സാധ്യത കൂടുതലാണ്.
ഹജ്ജിന്റെ
അടുത്ത ദിവസമാണ് ഒരാള്‍ എത്തുന്നതെങ്കില്‍ ഈ രൂപം ഏറ്റവും സൌകര്യ പ്രദമാണ്.
ഇഫ്റാദ് രൂപം സ്വീകരിക്കുന്നവര്‍ക്ക് ഫിദ്യ നിര്‍ബന്ധമില്ല. സഊദിയുടെ വിവിധ
ഭാഗങ്ങളില്‍ നിന്നും ഹജ്ജിനു വരുന്ന തൊഴിലാളികള്‍ക്കും മറ്റും കുറഞ്ഞ ദിവസമാണ്
ഒഴിവുണ്ടാവുക. അങ്ങനെയുള്ളവര്‍ക്ക് തങ്ങളുടെ മീഖാത്തില്‍ നിന്ന് ഹജ്ജിനു മാത്രം
ഇഹ്റാം ചെയ്ത് ഈ രീതി സ്വീകരിക്കുന്നതാണുത്തമം. അയ്യാമുത്തശ്രീഖിനു ശേഷം ഇവര്‍ക്ക്
തന്‍ഈമിലോ മറ്റോ പോയി ഇഹ്റാം ചെയ്തു ഉംറ നിര്‍വ്വഹിക്കാവുന്നതുമാണ്.
ഇഫ്റാദുകാര്‍
നിയ്യത്തില്‍ പറയേണ്ടത് ഇപ്രകാരമാണ്: “ഹജ്ജിനെ ഞാന്‍ കരുതി. ഹജ്ജ് കൊണ്ട് ഞാന്‍
ഇഹ്റാം ചെയ്തു”.
2. തമത്തുഅ്
ഹജ്ജ്
മാസങ്ങളില്‍ മീഖാത്തില്‍ വെച്ച് ഉംറക്ക് ഇഹ്റാം ചെയ്തു ഉംറയുടെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി
ഇഹ്റാമില്‍ നിന്നൊഴിവാകുക. പിന്നീട് മക്കയിലെ താമസ സ്ഥലത്തു നിന്ന് മിനയിലേക്ക്
പുറപ്പെടുന്നതിന് മുമ്പായി ഹജ്ജിന് ഇഹ്റാം ചെയ്യുക. ഈ രീതിക്ക് ശ്രേഷ്ഠതയില്‍
രണ്ടാം സ്ഥാനമുണ്ട്. ഇവര്‍ക്ക് ഫിദ്യ നിര്‍ബന്ധമാണ്. എന്നാല്‍ ഹറമില്‍ നിന്ന്
രണ്ട് മര്‍ഹലക്കുള്ളില്‍(132 കി.മി.)
താഴെ സ്ഥിരതാമസക്കാരായവര്‍ക്ക് ഈ രീതി സ്വീകരിച്ചാല്‍ ഫി ദ്യ നിര്‍ബന്ധമില്ല.
(ജിദ്ധയിലും മറ്റും ജോലി ആവശ്യാര്‍ഥമോ മറ്റോ താമസിക്കുന്നവര്‍ക്ക് ഈ
ആനുകൂല്യമില്ല. അവര്‍ തമത്തുഅ് രീതി സ്വീകരിച്ചാല്‍ ബലിനല്‍കല്‍ നിര്‍ബന്ധമാകും).
മേല്‍ വിവരിച്ച അഞ്ചിലൊരു മീഖാത്തില്‍ പോയി ഹജ്ജിന് ഇഹ്റാം ചെയ്യുകയോ ഇഹ്റാം ചെയ്ത
ശേഷം മീഖാത്തിലേക്ക് പോയി വരികയോ ചെയ്തവരും ഫിദ്യ കൊടുക്കേണ്ടതില്ല.
ഉദാഹരണമായി
നാട്ടില്‍ നിന്ന് മക്കയിലേക്ക് പോകുമ്പോള്‍ മീഖാത്തില്‍ വെച്ച് ഉംറക്ക് ഇഹ് റാം
ചെയ്തു മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ഒഴിവായവര്‍ ഹജ്ജിനു മുമ്പ് മദീനാ
സിയാറത്തിന് യാത്രതിരിക്കുകയും മദീനയില്‍ നിന്നു മടങ്ങവെ ദുല്‍ഹുലൈഫാ മീഖാത്തില്‍
വെച്ച് ഹജ്ജിന് ഇഹ്റാം ചെയ്യുകയുമാകയാല്‍ അവര്‍ക്ക് ഫിദ്യ നല്‍കല്‍ ആവശ്യമില്ല.
ഇക്കാര്യം നാലു മദ്ഹബിലും വിധി ഇപ്രകാരം തന്നെയാണ്. ഈള്വാഹ് ഉള്‍പ്പെടെയുള്ള എല്ലാ
കര്‍മ്മശാ സ്ത്ര ഗ്രന്ഥങ്ങളിലും ഇത് വിവരിച്ചിട്ടുണ്ട്.
ഈ രീതി
സ്വീകരിക്കുന്നതാണ് കൂടുതല്‍ സൌകര്യപ്രദം. ഇവര്‍ മുത്വവ്വിഫുമായി ബന്ധപ്പെട്ട്
മദീനാ യാത്രക്ക് ദുല്‍ഖഅദ് ഇരുപതിനും ഇരുപത്തിനാലിനും ഇടയില്‍ അവസരം
വാങ്ങേണ്ടതാണ്. ദുല്‍ഹജ്ജ് ഒന്നിനും നാലിനുമിടയില്‍ മക്കയിലേക്ക് മടക്കമായാല്‍
ഇഹ്റാമില്‍ കുറഞ്ഞ ദിവസം താമസിച്ചാല്‍ മതി. മദീനയില്‍ നിന്നുള്ള മടക്കയാത്ര
നേരത്തെ ആയതിന്റെ പേ രിലോ മറ്റോ ഹജ്ജുദിനം വരെ ഇഹ്റാമില്‍ കഴിഞ്ഞുകൂടുന്നത്
വിഷകരമായിത്തോന്നുന്നവര്‍ ഹജ്ജിനു ഇഹ്റാം ചെയ്യേണ്ടതില്ല. എന്നാല്‍ ഉറക്ക് ഇഹ്റാം
ചെയ്യല്‍ നിര്‍ബന്ധമാണ്. ഹജ്ജിന് മുമ്പ് മദീനായാത്ര ചെയ്യാത്തവര്‍ക്ക് മറ്റൊരു
മീഖാത്തില്‍ പോയി ഇഹ്റാം ചെയ്യാന്‍ സാധാരണ ഗതിയില്‍ കഴിയില്ല. അപ്പോള്‍ ഫിദ്യ നല്‍കേണ്ടിവരും.
നേരത്തേ പോകുന്ന ഹാജിമാര്‍ക്ക് കൂടുതല്‍ പ്രായോഗികം തമത്തുഅ് രീതിയാകുന്നു.
തമത്തുഉകാര്‍
നിയ്യത്തില്‍ പറയേണ്ടതിപ്രകാരമാണ്: “ഉംറയെ ഞാന്‍ കരുതി. അല്ലാഹു തആലാക്കുവേണ്ടി
ഉംറക്ക് ഞാന്‍ ഇഹ്റാം ചെയ്തു”. മീഖാത്തില്‍ വെച്ച് ഇപ്രകാരം തമത്തുഅ് രീതിയില്‍
ഉംറക്ക് ഇഹ്റാം ചെയ്തു ഉംറ പൂര്‍ത്തിയാക്കിയവര്‍ മദീനയില്‍ നിന്നുള്ള മടക്ക
യാത്രയില്‍ ദുല്‍ഹുലൈഫാ മീഖാത്തില്‍ വെച്ചോ അങ്ങനെ ചെയ്യാത്തവര്‍ മക്കയിലെ താമസ
സ്ഥലത്തുവെച്ചോ ഹജ്ജിന് ഇഹ്റാം ചെയ്യണം.
3. ഖിറാന്‍
മീഖാത്തില്‍
വെച്ച് ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാം ചെയ്തു ഹജ്ജിന്റെ കര്‍മ്മങ്ങള്‍ മാ
ത്രം ചെയ്യുക. ഹജ്ജിനും ഉംറക്കും കൂടി ഇഹ്റാം ത്വവാഫ്,
സഅ്യ് മുടി നീക്കല്‍ മുതലായ അമലുകളെല്ലാം ഓരോന്ന് കൊണ്ടു മതിയാക്കുന്ന ഈ
രീതിക്ക് ഉംറയുടെ കൂടി പ്രതിഫലം ലഭിക്കും. ശ്രേഷ്ഠതയില്‍ ഇത് മൂന്നാം സ്ഥാനത്താണ്.
ഫിദ്യ നിര്‍ബന്ധവുമാണ്.
എന്നാല്‍
ഹറമില്‍ നിന്ന് രണ്ട് മര്‍ഹലക്കുള്ളില്‍ താഴെ സ്ഥിരതാമസക്കാരായവര്‍ക്ക് ഫിദ്യ
വേണ്ട.(ജിദ്ധയിലും മറ്റും ജോലി ആവശ്യാര്‍ഥമോ മറ്റോ താമസിക്കുന്നവര്‍ക്ക് ഈ
ആനുകൂല്യ മില്ല. അവര്‍ ഈ രീതി സ്വീകരിച്ചാല്‍ ബലിനല്‍കല്‍ നിര്‍ബന്ധമാകും).
അതുപോലെ അറഫയി ല്‍ നില്‍ക്കുന്നതിന്റെ മുമ്പ് അഞ്ചിലൊരു മീഖാത്തിലേക്കോ രണ്ട് മര്‍
ഹല ദൂരത്തേക്കോ യാത്ര പോയിവന്നവര്‍ക്കും ഫിദ്യ ഒഴിവാകുന്നതാണ്.
ഖിറാനുകാര്‍
നിയ്യത്തില്‍ പറയേണ്ടതിപ്രകാരമാണ്: “ഹജ്ജും ഉംറയും കൂടി ചെയ്യാന്‍ ഞാന്‍ കരുതി.
അത് രണ്ടിനും ഇഹ്റാം ചെയ്തു”. ഇഫ്റാദായി ഇഹ്റാം ചെയ്തു ഹജ്ജു മാത്രം നിര്‍വ്വഹിച്ച്
ആ വര്‍ഷം ദുല്‍ഹജ്ജ് കഴിയുന്നതിന് മുമ്പ് ഉംറ ചെയ്യാതിരിക്കുന്നതിനെക്കാള്‍ ഉത്തമം
ഖിറാനായി ഇഹ്റാം ചെയ്യുന്നതാണ്.
4. ഇത്വ്ലാഖ്
മീഖാത്തില്‍
വെച്ച് മേല്‍ വിവരിച്ച മൂന്നൂ രൂപവും മനസ്സില്‍ കരുതാതെ ഇഹ്റാമിനെ കരുതുക.
പിന്നീട് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഹജ്ജെന്നോ ഉംറയെന്നോ രണ്ടും
കൂടിയെന്നോ നിര്‍ണയിച്ച് പ്രവര്‍ത്തിക്കുക. എന്നാല്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്നതാണ്
ഇതിനെക്കാള്‍ ഉത്തമം.
ഇത്വ്ലാഖായി
നിയ്യത്ത് ചെയ്യുന്ന രീതി ഇപ്രകാരമാണ്: “നുസുക്ക് കൊണ്ട് ഞാന്‍ ഇഹ്റാം ചെയ്തു”.
മുന്‍ വിവരിച്ച നാലു വിധത്തിനു പുറമെ ഇഹ്റാം ചെയ്യാവുന്ന അഞ്ചാമതൊരു വിധവും
കൂടിയുണ്ട്. തഅ്ലീഖ് എന്നാണിതിനു പേര്‍. ഒരാളുടെ ബന്ധപ്പെട്ടവരോ സംഘത്തിലുള്ളവരോ
സ്നേഹിതരോ നേരത്തേ ഹജ്ജിനു പുറപ്പെടുകയും അവരുടെ ഇഹ്റാം രീതി പോലെ ഇഹ്റാം ചെയ്യാന്‍
ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, അവരുടെ
ഇഹ്റാം ഏതു വിധമാണെന്നറിഞ്ഞുകൂട. ഇഹ്റാം ചെയ്യുന്ന സമയത്ത് ‘ഇന്ന ആള്‍ ഇഹ്റാം
ചെയ്തിട്ടുള്ള പോലെ ഞാനും ഇഹ്റാം ചെയ്യുന്നു.’ എന്ന് നിയ്യത്ത് ചെയ്തു. പിന്നീട്
ഏതെങ്കിലും ഒരു രീതിയിലേക്ക് തിരിക്കാവുന്നതാണ്.
ഹജ്ജ്
മാസത്തില്‍ മീഖാത്തിലെത്തും മുമ്പ് യാത്രയിലോ വഴിയിലോ സ്വന്തം വീട്ടില്‍ നിന്ന് ത
ന്നെയോ ഇഹ്റാം ചെയ്യുന്നതിന് വിരോധമില്ല. മീഖാത്തില്‍ വെച്ച് ഇഹ്റാം
ചെയ്യുന്നതാണുത്തമം. വിമാന യാത്രക്കാര്‍ക്ക് മീഖാത്തിനെ കേന്ദ്രമാക്കാന്‍
പ്രയാസമാണ്. അവര്‍ മുന്‍കൂട്ടി ഇഹ് റാം ചെയ്യലാണ് സുരക്ഷിതം.
ഹജ്ജിന്റെ മാസങ്ങളില്‍
മീഖാത്തില്‍ വെച്ച് ഹജ്ജിനു മാത്രം ഇഹ്റാം ചെയ്ത് മക്കയിലെത്തി ഹജ്ജിന്റെ
ദിവസങ്ങള്‍ വരെ ഇഹ്റാമില്‍ തന്നെ കാത്തിരുന്ന് ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കിയ
ശേഷം ഹറമിന്റെ പുറത്തുപോയി ഉംറക്ക് ഇഹ്റാം ചെയ്തു ഉംറയുടെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുക.
ഈ രൂപമാണ് ഏറ്റവും ശ്രേഷ്ഠമായത്.
അറഫയില്‍ നില്‍ക്കേണ്ട സമയം
ദുല്‍ഹജ്ജ്
ഒമ്പതിന് സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് നീങ്ങിയത് മുതല്‍ പത്താം ദിനം പ്രഭാതം
വരെയാണ് അറഫയില്‍ നില്‍ക്കേണ്ട സമയം. ഇതിനുള്ളില്‍ അല്‍പ്പസമയമെങ്കിലും അറഫ അതിര്‍ത്തിക്കകത്ത്
എവിടെയെങ്കിലും ഉണ്ടായാല്‍ മതി. പ്രത്യേക നിയ്യത്തോ ഉദ്ദേശ്യമോ നിര്‍ ബന്ധമില്ല.
കാണാതായവരെ അന്വേഷിച്ചു അതിലൂടെ നടക്കുകയോ വാഹനത്തില്‍ അതുവഴിവിട്ടുകടക്കുകയോ
ചെയ്താലും മതി. ഉറക്കിലായാലും വിരോധമില്ല. നിശ്ചിത സമയത്താകലും
സ്വബോധത്തോടുകൂടിയാകലും നിര്‍ബന്ധമാണ്. അബോധാവസ്ഥയോ ലഹരിയോ ഉള്ളവരുടെ താമസം
പരിഗണിക്കപ്പെടുകയില്ല.
ശക്തിയായ
രോഗമുള്ളവരെയും പൂര്‍ണ അവശരെയും കൂടെയുള്ളവര്‍ എപ്രകാരമെങ്കിലും അ റഫയില്‍
എത്തിക്കണം. വാഹനത്തില്‍ അതുവഴി കടന്നുപോയാല്‍ മതി. ഇറങ്ങണമെന്നില്ല. ഇത്തരക്കാര്‍ക്ക്
ദുല്‍ഹജ്ജ് എട്ടിന്റെ മിനാതാമസവും മറ്റും ഉപേക്ഷിക്കാം. ഉപേക്ഷിക്കുന്ന ചില ഘടകങ്ങള്‍ക്ക്
ഫിദ്യ കൊടുത്താല്‍ മതി.
മക്കയിലെ
ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ മിക്കവാറും അറഫാദിനത്തിനുമുമ്പ്
ഡിസ്ചാര്‍ജ് ചെയ്തുവിടും. അല്ലാത്തവരെ ആശുപത്രി വക ആംബുലന്‍സില്‍ അറഫയിലൂടെ
കൊണ്ടുവന്നു തിരിച്ചുപോകാറുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നു. എന്നിരുന്നാലും അല്‍പ്പം
ആശ്വാസമുള്ളവരെ ബന്ധപ്പെട്ടവര്‍ കൂട്ടിക്കൊണ്ട് പോകുന്നതാണ് സൂക്ഷ്മത.
അറഫയിലേക്ക്
ഹജ്ജ് കര്‍മ്മങ്ങളുടെ
മുഖ്യഘടകമാണ് അറഫയിലെ നിര്‍ത്തം. ഹജ്ജ് അറഫയാകുന്നു എന്നത്രെ നബി(സ്വ) അരുള്‍
ചെയ്തത്. സത്യവിശ്വാസികള്‍ സ്വര്‍ഗം ചോദിച്ചുവാങ്ങുന്ന അനുഭൂതിദായകമായ രംഗമാണവിടെ.
അറഫാ നിര്‍ത്തത്തിന്റെ മഹത്വം കുറിക്കുന്ന നിരവധി ഹദീസുകളുണ്ട്. നബി(സ്വ) പറഞ്ഞു;
“ബദര്‍ദിനം കഴിച്ചാല്‍ അല്ലാഹുവിന്റെ ശത്രുവായ ഇബ്ലീസ് ഇത്രയും അപമാനിതനും
നിന്ദ്യനും നിരാശനും നിസ്സാരനും കോപിഷ്ടനുമായി മറ്റൊരിക്കലും കാണപ്പെട്ടിട്ടില്ല.
അല്ലാഹുവിന്റെ അത്യുദാരമായ അനുഗ്രഹ വര്‍ഷങ്ങളും നിരവധി മഹാപാപികള്‍ക്കു പോലും
പൊറുത്തുകൊടുക്കുന്നതു കൊണ്ടാണങ്ങനെ…” (ഹദീസ്). മനുഷ്യ പിതാവ് ആദം
നബി (അ)
യും
ഇണ
ഹവ്വയും
ഭൂമിയിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയത് അറഫയിൽ വെച്ചാണ്
.ആയതിനാൽ ഇവിടം പ്രസിദ്ധമായി.
ജബലുറഹ്മയും
അതിനുചുറ്റുമുള്ള വിശാലമായ മൈതാനിയുമാണ് അറഫ. അതിന്റെ നാലതിരുകളും വളരെ വ്യക്തമായി
ബോര്‍ഡുകള്‍ സ്ഥാപിച്ച് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. പ്രത്യേക പ്രകാശ
സ്തൂപങ്ങളും അതിര്‍ത്തിയിലൂടെ വരിയായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അറഫയുടെ
പടിഞ്ഞാറെ അതിര്‍ത്തിയിലാണ് മസ്ജിദു ഇബ്രാഹിം നിലകൊള്ളുന്നത്. അതിന്റെ ഒരുഭാഗം
അറഫയിലേക്ക് വികസിപ്പിച്ചിട്ടുണ്ട്. അത് പ്രത്യേകം ബോര്‍ഡെഴുതി
കാണിച്ചിരിക്കുന്നു.
അറഫയില്‍
താമസിക്കല്‍ ഹജ്ജിന്റെ ഏറ്റവും പ്രധാന ഘടകമാണ്. അത് ഒഴിവായാല്‍ ഹജ്ജ്
നഷ്ടപ്പെടുന്നതാണ്. മറ്റെല്ലാ ഘടകങ്ങള്‍ക്കും ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തവും
മറ്റു പരിഹാരങ്ങളുണ്ടെങ്കിലും അറഫാ താസം വിട്ടുപോയാല്‍ ഹജ്ജ് നഷ്ടപ്പെടുക തന്നെ
ചെയ്യും.
ത്വവാഫ്
മക്കയില്‍വെച്ച് നിര്‍വഹിക്കപ്പെടുന്ന അമലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട
ഒന്നാണ് ത്വവാഫ്. കഅ്ബയെ ഇടതുവശമാക്കി മസ്ജിദുല്‍ ഹറാമില്‍കൂടി കഅ്ബ വലയം
ചെയ്യുന്നതിനാണ് ത്വ വാഫ് എന്ന് പറയുന്നത്. ഏഴുതവണ കഅ്ബപ്രദക്ഷിണം വെക്കുമ്പോഴാണ്
ഒരു ത്വവാഫ് പൂര്‍ ത്തിയാകുന്നത്. ഏഴില്‍കുറഞ്ഞ പ്രദക്ഷിണം ത്വവാഫായി പരിഗണിക്ക
പ്പെടുകയില്ല. ഇഹ്റാം ചെയ്തവരും അല്ലാത്തവരും മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചാലുടന്‍
ചെയ്യേണ്ടത് ത്വവാഫാണ്. മസ്ജിദുല്‍ ഹറാമിന്റെ തഹിയ്യത്താണിത്. ഏതു സന്ദര്‍ഭവും
ത്വവാഫ് ചെയ്യാം. വളരെ ശക്തിപ്പെട്ട സുന്നത്താണ് ത്വവാഫ്. ഹജ്ജിനും ഉംറക്കും
അതിന്റെ ഭാഗമായി ത്വവാഫ് ചെയ്യല്‍ നിര്‍ബന്ധമുണ്ട്. നേര്‍ച്ചയാക്കിയാലും ത്വവാഫ്
നിര്‍ബന്ധമായിത്തീരുന്നതാണ്.
ത്വവാഫുല്‍ ഖുദൂം
മക്കയില്‍
പ്രവേശിച്ചവന്‍ ആദ്യമായി ചെയ്യുന്ന ത്വവാഫിന് ഖുദൂമിന്റെ ത്വവാഫ് എന്നു പറയുന്നു.
ഇത് സുന്നത്താണ്. ഉംറക്ക് ഇഹ്റാം ചെയ്തവര്‍ എത്തിയ ഉടനെ ചെയ്യേണ്ടത് ഉംറയുടെ നിര്‍ബന്ധമായ
ത്വവാഫും അറഫയില്‍നിന്ന് ഫര്‍ള്വായ ത്വവാഫിന്റെ സമയം കടന്ന ശേഷം വരുന്നവര്‍
ഹജ്ജിന്റെ ത്വവാഫും ആകയാല്‍ അതില്‍ ഖുദൂം കൂടി ഉള്‍ക്കൊള്ളുന്നത് കൊണ്ട്
ഖുദൂമിനായി പ്രത്യേകം ത്വവാഫ് ചെയ്യേണ്ടതില്ല.
ത്വവാഫുല്‍ വദാഅ്
ഇത്
മക്കയില്‍ നിന്ന് യാത്രപറയുമ്പോള്‍ നിര്‍വഹിക്കുന്നതാണ്. വാജിബായ ഈ ത്വവാഫിന്റെ
വിശദവിവരങ്ങള്‍ ‘വദാഇന്റെ ത്വവാഫ്’ എന്ന ലേഖനത്തില്‍ നോക്കുക.
ത്വവാഫുന്നദ്ര്‍
കഅ്ബ
ത്വവാഫ് ചെയ്യുവാന്‍ നേര്‍ച്ചയാക്കിയാല്‍ അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമായിത്തീരുന്നു.
അതിന് പ്രത്യേക സമയം നിര്‍ണിതമല്ല.
ത്വവാഫ്മുത്വ്്ലഖ്
മക്കയില്‍
താമസിക്കുമ്പോള്‍ സൌകര്യാനുസരണം നിര്‍വഹിക്കുന്ന സുന്നത്തായ ത്വവാഫാണിത്. ഇത് ഏത്
സന്ദര്‍ഭത്തിലും ചെയ്യാവുന്നതും വളരെ പുണ്യമുള്ളതുമാണ്. ചിലര്‍ ത്വവാഫ് ചെ
യ്യുമ്പോഴെല്ലാം സ്വഫാ മര്‍വക്കിടയില്‍ സഅ്യ് നടത്താറുണ്ട്. ഇത് തെറ്റും
അജ്ഞതയുമാണ്.
ത്വവാഫുല്‍ ഇഫാള്വ
ഹജ്ജിന്റെ
ഫര്‍ള്വായ ത്വവാഫാണിത്. ഇതിന്റെ സമയം ദുല്‍ഹജ്ജ് ഒമ്പതിനു അസ്തമിച്ചശേഷം അറഫയില്‍
നിന്നിറങ്ങി രാത്രി പകുതി കഴിഞ്ഞാല്‍ ആരംഭിക്കുന്നതും മരണം വരെ നിലനില്‍
ക്കുന്നതുമാണ്. ഈ ത്വവാഫ് നിര്‍വഹിക്കാതെ ഹജ്ജ് സ്വഹീഹാകുന്നതല്ല. ഹജ്ജില്‍ നിന്ന്
പൂ ര്‍ണവിരാമം ലഭിക്കുകയുമില്ല. മരണം വരെ സമയമുണ്ടെങ്കിലും അയ്യാമുത്തശ്രീഖ് കഴിയുന്നതിന്
മുമ്പായി ചെയ്യലാണുത്തമം.
ദുല്‍ഹജ്ജ്
പത്തിന് പ്രഭാതത്തോടെ ജംറത്തുല്‍ അഖബയെ എറിഞ്ഞ് അറവുണ്ടെങ്കില്‍ അതും നിര്‍വഹിച്ച്
മുടികളഞ്ഞ് ത്വവാഫുല്‍ ഇഫാള്വഃ നിര്‍വഹിക്കുന്നതാണ് ഉത്തമം.
സഅ് യ്
ഹജ്ജിന്റെയും
ഉംറയുടെയും നിര്‍ബന്ധകര്‍മ്മങ്ങളില്‍ പെട്ടതാണ് സഹ്‌യ്. സ്വഫാമര്‍വക്കിടയിലെ ദൂരം
ഏഴുതവണ വിട്ടുകടക്കുന്നതിന് സഅ്യ് എന്നു പറയുന്നു. മീഖാത്തില്‍ വെച്ച് ഉംറക്കു
ഇഹ്റാം ചെയ്തവര്‍ ത്വവാഫ് കഴിഞ്ഞാല്‍ ഉംറയുടെ സഅ്യ് ചെയ്യല്‍ നിര്‍ബന്ധമാണ്.
ഹജ്ജിന് ഇഹ്റാം ചെയ്തവരാണെങ്കില്‍ അറഫയില്‍ നിന്നതിന് ശേഷമുള്ള ഇഫാള്വതിന്റെ
ത്വവാഫിനു ശേഷം സഅ്യ് ചെയ്താലും മതിയാകുന്നതാണ്. സുന്നതായ ഖുദൂമിന്റെ ത്വവാഫിന്
ശേഷം ചെയ്യുന്നതാണ് ഉത്തമം. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമായല്ലാതെ സഅ്യ് മാത്രമായി
ചെയ്യുന്നത് സുന്നത്തില്ല.
സ്വഹീഹായ
ത്വവാഫിന്റെ ശഷമായിരിക്കലും സ്വഫാ കൊണ്ട് തുടങ്ങലും നിര്‍ബന്ധമാണ്. സ്വഫയില്‍
നിന്ന് തുടങ്ങി മര്‍വയിലെത്തിയാല്‍ ഒരു തവണയും മര്‍വയില്‍ നിന്ന് തിരിച്ച്
സ്വഫയിലെത്തിയാല്‍ മറ്റൊരു തവണയുമായി പരിഗണിക്കപ്പെടും.
ഇബ്രാഹിം നബി (അ) ക്ക് തന്റെ ഭാര്യയെയും കുഞ്ഞിനേയും തരിശായ
നിലവിലെ കഅ്ബ സ്ഥിതിചെയ്യുന്നതിനടുത്തുള്ള മരുഭൂമിയിൽ ഉപേക്ഷിക്കാൻ കൽപ്പന വ ന്നു.
അല്പം വെള്ളത്തിനുവേണ്ടി ഹാജർ ബീവി (റ) സഫാ മർവ ഏഴു പ്രാ വശ്യം കയറിയിറങ്ങി.
അവസാനം അല്ലാഹുവിൻ്റെ കാരുണ്യത്താൽ ഇസ് മായിൽ നബി (അ) യുടെ കാലിട്ടടിച്ച സ്ഥലത്ത്
നിന്ന് സംസം വെള്ളം നൽ കപ്പെട്ടു
ജംറ
------
ജംറയില്‍ കല്ലെറിയല്‍ ഹജ്ജിന്റെ നിര്‍ബന്ധഘടകങ്ങളില്‍പെട്ടതാണ്. എന്നാല്‍ അത് നിര്‍വ്വഹിക്കുന്നതില്‍ വരുന്ന വീഴ്ച്ച ബലികൊണ്ട് മായ്ക്കപ്പെടും.
മിനയിലാണ് ജംറകള്‍ സ്ഥിതിചെയ്യുന്നത്. പെരുന്നാള്‍ ദിവസം ഒരു സ്ഥലത്ത് മാത്രമാണ് എറിയേണ്ടത്.
മൂന്ന് സ്ഥലത്തും കൂടി അന്ന് എറിയാന്‍ പാടില്ല. ഹജ്ജില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലമാണ് ജംറ. പരിമിതമായ സമയത്തിനുള്ളില്‍ കര്‍മ്മം അനുഷ്ഠിച്ച് തീര്‍ക്കാനുള്ള വ്യഗ്രതയാണ്
അപകടങ്ങളിലേക്ക് എത്തിക്കുന്നത്. തല്‍സംബന്ധമായി ഉദ്ദരിക്കപ്പെട്ട ഹദീസുകളെ
ശരിയാംവണ്ണം മനസ്സിലാക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. നബി(സ) ജംറയില്‍ കല്ലെറിഞ്ഞത് ഉച്ചതിരിഞ്ഞതിനും
അസ്തമനത്തിനും ഇടക്കാണെന്ന് ഹദീസുകളില്‍ വന്നു എന്നത്‌കൊണ്ട് അതിനു മുമ്പോ ശേഷമോ എറിയുന്നതില്‍ നബി(സ) വിലക്കിയിട്ടില്ലാത്തതിനാല്‍ വിരോധമൊന്നുമില്ലെന്ന ആധുനിക
പണ്ഡിതന്മാരുടെ അഭിപ്രായത്തിനാണു ഇപ്പോള്‍ കൂടുതല്‍ പ്രബലത. ഇബ്‌നു ഉമറിനെപ്പോലെയുള്ള സ്വഹാബികള്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിനം വരെ
എറിയാമെന്ന അഭിപ്രായക്കാരാണ്.
പ്രയാസമുള്ള ആളുകള്‍ക്ക് പകരമായി മറ്റുള്ളവര്‍ കല്ല് എറിഞ്ഞാലും കര്‍മ്മം സാധുവാകും. ജാബിര്‍(റ)പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഹജ്ജ് നിര്‍വഹിച്ചു.ഞങ്ങളുടെ കൂടെ സ്ത്രീകളും
കുട്ടികളുമുണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി തല്‍ബിയത്ത് ചൊല്ലുകയും അവര്‍ക്ക് വേണ്ടി എറിയുകയും
ചെയ്തിരുന്നു.
പെരുന്നാളിന് എറിയേണ്ട
സ്ഥലത്തിനു ജംറതുല്‍ അഖബ എന്നുപറയുന്നു. ജംറതുല്‍ കുബ്റാ എന്നും ഇതിനു പേരുണ്ട്. മുസ്ദലിഫയില്‍നിന്ന് വരുമ്പോള്‍ ആദ്യം ദൃഷ്ടിയില്‍പെടുന്നത് ജംറതുല്‍ ഊലയാണ്. പെരുന്നാള്‍ ദിവസം ഇവിടെ എറിയരുത്. പിന്നീട്
കാണുന്നതിന് ജംറതുല്‍ വുസ്ത്വാ എന്ന പേര്‍. ഇവിടെയും അന്ന് ഏറില്ല. മൂന്നാമത് സ്ഥിതിചെയ്യുന്നതാണ്
ജംറതുല്‍ അഖബ. ഹറം ഭാഗത്ത് നിന്ന്
വരുമ്പോള്‍ ആദ്യമായി അതാണ് കാണുക.
ഇവിടെയാണ് പെരുന്നാള്‍ ദിവസം എറിയേണ്ടത്.
പെരുന്നാള്‍ രാവിന്റെ അര്‍ധരാത്രി മുതല്‍ ഏറിന്റെ സമയം പ്രവേശിക്കുന്നതാണ്.
അയ്യാമുത്തശ്രീഖ് അഥവാ മൂന്നാം പെരുന്നാള്‍ അസ്തമയം വരെ എറിയാനുള്ള സമയമാണ്. പെരുന്നാള്‍ ദിനം സൂര്യന്‍ ഉദിച്ചത് മുതല്‍ മധ്യത്തില്‍ നിന്ന് നീങ്ങുന്നത് വരെയുള്ള സമയമാണ് ഏറ്റവും ശ്രേഷ്ഠം.
പെരുന്നാള്‍ ദിവസം എറിഞ്ഞില്ലെങ്കില്‍ ഒരു കുറ്റവുമില്ല. അയ്യാമുത്തശ്രീഖിന്റെ ഏ തുദിവസം
എറിഞ്ഞാലും മതി. ഖള്വാ ആവുകയില്ല. പെരുന്നാള്‍ ദിവസം സൂര്യാസ്തമയത്തിനുമുമ്പ് എറിയാന്‍ സാധിച്ചാല്‍ ഉത്തമസമയം ലഭിച്ചു.
മുസ്ദലിഫയില്‍ നിന്ന് ജംറയിലെത്തുമ്പോള്‍ എറിയാന്‍ പ്രയാസമുളള സമയമായാല്‍ മിനയിലെ തമ്പിലേക്ക് മടങ്ങി അവിടെ താമസിക്കുക. രാത്രിയോ
മറ്റോ തിരക്കില്ലാത്ത സമയം നോ ക്കി എറിയാം. പെരുന്നാള്‍ ദിവസത്തെ ഏറ് രാവിലെതന്നെ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. അത് ശരിയല്ല.
പെരുന്നാള്‍ ദിനത്തിലെ നിര്‍ബന്ധമായ ഏറ് ജംറതുല്‍ അഖബയിലാണെന്ന് പറഞ്ഞു. മറ്റു രണ്ട്
ജംറകളിലാകാതെ, ജംറ അഖബയാണെന്
ഉറപ്പുവരുത്തി അടുത്തെത്തിയാല്‍ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടാതെ ഏറില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
ഏറിന്റെ നിബന്ധകള്‍
---------------------------------
ഏഴു കല്ലുകള്‍ ഏഴുതവണകളായി നിശ്ചിത സ്ഥലത്ത് എറിയല്‍ നിര്‍ബന്ധമാണ്. എറിയുന്നതിനു പകരം കല്ലുകള്‍ ജംറയില്‍ വെച്ചാല്‍ മതിയാവുകയില്ല. ഏഴുംകൂടി ഒരുമിച്ചെറിഞ്ഞാലും ശരിയാകില്ല.
ജംറയുടെ വളച്ചുകെട്ടിയ
ചെറിയ ചുവരിന്റെ ഉള്ളാണ് നിശ്ചിത സ്ഥലം. എറിയുമ്പോള്‍ അ തിന്റെ നടുവിലുള്ള തൂണോ ചുറ്റുമുള്ള ചുവരോ ലക്ഷ്യം
വെക്കരുത്. എറിഞ്ഞ കല്ല് യഥാസ്ഥാനത്ത് എത്തിയോ എന്ന് സംശയിച്ചാല്‍ അത് മടക്കി എറിയണം. കുഴിയില്‍ നിറഞ്ഞുകിടക്കുന്ന കല്ലുകളിലേക്ക്
എറിയുന്നത് കൊണ്ടും എറിഞ്ഞ സ്ഥലത്തുനിന്ന് കല്ല് ഉരുണ്ട് പുറത്തേക്ക് പോയാലും
കുഴപ്പമില്ല.
ജംറതുല്‍ അഖബയില്‍ പെരുന്നാള്‍ ദിവസം എറിയാത്തവര്‍ അടുത്ത ദിവസം എറിയുമ്പോള്‍ പ്രസ്തുത ഏറ്, അന്നത്തെ ദിവസത്തെ ഏറിനു മുമ്പ് നിര്‍വഹിക്കേണ്ടതാണ്. ഇങ്ങനെ
അയ്യാമുത്തശ്രീഖിന്റെ അവസാന സമയം വരെ നീട്ടിക്കൊണ്ട് പോകുന്നതിനു വിരോധമില്ല. ഏറുകള്‍ ക്രമപ്രകാരം നിര്‍വഹിക്കണമെന്നതു നിയമമാണ്.
ഇനിപെരുന്നാള്‍ ദിവസം എറിയാതെ ഒരാള്‍ ഹറമിലേക്ക് ചെന്ന് ഹജ്ജിന്റെ ത്വവാഫും, സഅ്യ് ചെയ്തിട്ടില്ലെങ്കില്‍ അതും ചെയ്താല്‍ മുടി എടുക്കാവുന്നതും ഒന്നാം വിരാമം ലഭിക്കുന്നതുമാണ്.
കല്ലെറിയല്‍ പിന്നീട് നിര്‍വഹിച്ചാല്‍ മതി. അയ്യാമുത്തശ്രീഖിന്റെ മൂന്ന് ദിവസങ്ങളിലും
എറിഞ്ഞില്ലെങ്കില്‍ ഏറിന്റെ സമയം നഷ്ടപ്പെടുന്നതാണ്. പിന്നീട് എറിയലില്ല. ഏറ്
ഒഴിച്ചതിനുള്ള ഫിദ്യ നിര്‍ബന്ധമാകുന്നതാണ്.
മിനയില്‍ താമസിക്കല്‍
അയ്യാമുത്തശ്രീഖിന്റെ
മൂന്നു ദിവസങ്ങളുടെ രാവില്‍ മിനയില്‍ താമസിക്കലും മൂന്ന് ജംറകളെ എറിയലും വാജിബാണ്.
പെരുന്നാളിന്റെ അന്ന് രാത്രിയും അടുത്ത രാത്രിയും താമസിച്ച് ദുല്‍ഹജ്ജ് 12ന്
സൂര്യാസ്തമയത്തിനു മുമ്പ് മിന വിടുകയാണെങ്കില്‍ പതിമൂന്നാം രാവിന്റെ താമസവും
പകലിന്റെ എറിയലും ഒഴിവാക്കാം.
രാത്രിയുടെ
മുഖ്യഭാഗം മിനയിലുണ്ടാകലാണ് നിര്‍ബന്ധം. പകല്‍ മിനയിലുണ്ടായിരിക്കണമെന്നില്ല.
ശക്തിയായ രോഗം, രോഗിയെ ശുശ്രൂഷിക്കല്‍ പോലുള്ള നിര്‍ബന്ധ കാരണങ്ങളാല്‍ മി നയില്‍ താസിക്കാന്‍
സാധിക്കാത്തവര്‍ക്ക് താമസം നിര്‍ബന്ധമില്ല. ഫിദ്യയും ആവശ്യമില്ല. എന്നാല്‍ ജംറകളെ
എറിയല്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ശക്തിയായ രോഗമുണ്ടെങ്കില്‍ മറ്റൊരാളെ
എറിയലിന് പകരമാക്കാവുന്നതാണ്.
.
മുസ്തലിഫയിൽ
താമസിക്കൽ
അറഫയില്‍നിന്ന് വിട്ട് അല്‍പ്പം കഴിഞ്ഞാല്‍ എത്തുന്നതും മിനയുടെ
മുമ്പുള്ളതുമായ ഒരു ഭൂ പ്രദേശമാണ് മുസ്ദലിഫ. മുസ്ദലിഫയില്‍ താമസിക്കല്‍ വാജിബാണ്.
(പൂര്‍ണമായ രൂപം ഇപ്രകാരമാണ് സൂര്യാസ്തമയം ഉറപ്പായാല്‍ അറഫയില്‍നിന്ന് കാല്‍നടയായി
പുറപ്പെട്ട് മുസ്ദലിഫയില്‍ എത്തുക. മഗ്രിബും ഇശാഉം ജംആക്കല്‍ അനുവദനീയമായവര്‍
അങ്ങനെ നിസ്കരിച്ച് അവിടെ രാപ്പാര്‍ക്കുക. ദിക്റുകളും ദുആകളും വര്‍ധിപ്പിക്കുക, പിറ്റേദിവസവും, അയ്യാമുത്തശ്രീഖിലും ജംറയെ
എറിയുവാനുള്ള കല്ലുകള്‍ ശേഖരിക്കുക. മുസ്ദലിഫയുടെ അവസാനമായി സ്ഥിതിചെയ്യുന്ന
മശ്അറുല്‍ ഹറാം സന്ദര്‍ശിച്ച് അവിടെവെച്ചും ദിക്റും ദുആയും അധികരിപ്പിക്കുക. തുടര്‍ന്ന്
പ്രഭാതം വരെ മുസ്ദലിഫയില്‍ താമസിക്കുക. സ്വുബ്ഹി ആദ്യസമയം നിസ്കരിച്ച്
സൂര്യോദയത്തിനു മുമ്പായി മിനയിലേക്ക് കല്ലെറിയാനായി പുറപ്പെടുക. പെരുന്നാള്‍ ദിവസം
സൂര്യന്‍ ഉദിച്ചുയര്‍ന്നത് മുതല്‍ ഉച്ചക്ക് മുമ്പ് ജംറതുല്‍ അഖബയെ എറിയുക. ഈ
വിവരിച്ച ക്രമമാണ് ഏറ്റവും ശ്രേഷ്ഠമായ രീതി.
മുടി എടുക്കൽ
പെരുന്നാള്‍
ദിനത്തില്‍ ചെയ്യാനുള്ള ഒരു മുഖ്യ കര്‍മ്മമാണ് മുടി എടുക്കല്‍. ഹജ്ജിന്റെ ഫര്‍ളുകളില്‍
പെട്ടതാണത്. ഫിദ്യ കൊണ്ട് ഒരിക്കലും ഇത് പരിഹരിക്കപ്പെടുന്നതല്ല. മുടിനീക്കല്‍ മി
നായില്‍ വെച്ചാവുക, അറവുണ്ടെങ്കില്‍ അതിന്റെ ഉടനെയാവുക
എന്നിവ സുന്നത്താണ്. സ്ത്രീ ക്കും പുരുഷനും തലയില്‍നിന്ന് ചുരുങ്ങിയത് മൂന്ന് മുടി
നീക്കലാണ് നിര്‍ബന്ധം. ഏതു വിധേ ന നീക്കിയാലും മതിയാകും. തലയില്‍ തീരേ
മുടിയില്ലാത്തവന്‍ തലയിലൂടെ കത്തി നടത്തല്‍ സുന്നത്താണ്. രോഗഹേതുവായി
മുടിയെടുക്കാന്‍ സാധിക്കാതെ വന്നാല്‍ സൌകര്യപ്പെടുമ്പോ ള്‍ നിര്‍ബന്ധമായും
മുടിയെടുക്കണം.
പുരുഷന്മാര്‍
തലമുടി മുഴുവനും വടിക്കലാണുത്തമം. ഹജ്ജത്തുല്‍ വിദാഇല്‍ നബി(സ്വ) തലമുടി മുഴുവന്‍
വടിച്ചതും അവിടുത്തെ വിശുദ്ധ കേശം സ്വഹാബിമാര്‍ക്കു വിതരണം ചെയ് തതും
സുവിദിതമാണല്ലോ. അവിടുന്ന് മുടി വടിച്ചവര്‍ക്കുവേണ്ടി മൂന്നുതവണ പ്രാര്‍ഥിച്ചപ്പോള്‍
മുടി വെട്ടിയവര്‍ക്കുവേണ്ടി അവസാന തവണയാണ് പ്രാര്‍ഥിച്ചത്. വടിക്കുന്നില്ലെങ്കില്‍
മുടി മുഴുവനും കത്രിക്കുന്നതിനാണ് അടുത്ത സ്ഥാനം. മുടി നീക്കുന്നതിനോടനുബന്ധിച്ച്
മീശ വെട്ടലും, താടി നന്നാക്കലും നഖം മുറിക്കലും സുന്നത്താകുന്നു. സ്ത്രീകള്‍ തലമുടി
കത്രിക്കുകയാണ് വേണ്ടത്. വടിക്കല്‍ ഹറാമാണ്. തലമുടി മുഴുവന്‍ തൂക്കിയിട്ട് അതില്‍നിന്ന്
ഒരു വിരല്‍ കൊടിയുടെ അത്ര ഒന്നിച്ച് നീളത്തില്‍ വെട്ടിക്കളയുന്നതാണ് സ്ത്രീകള്‍ക്ക്
സുന്നത്ത്.
ബലി കർമ്മം
മക്കയുടെ തെക്ക് കിഴക്കായി മിനയുടെയും അറഫാത്ത് പർവ്വത
ത്തിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു തുറന്ന പ്രദേശമാണ് "മുസ്ദലി ഫ'. ഹജ്ജിനിടയിൽ
അനിവാര്യമായ ഒരു സ്ഥലമാണിത്. അറഫാദിനത്തി നു ശേഷം രാത്രിയാണ് അവിടെ
ചെലവഴിക്കുന്നത്. മുസ്‌ദലിഫയെ പല പ്പോഴും 'തരിശായ മരുഭൂമി' എന്നാണ്
വിശേഷിപ്പിക്കുന്നത്.
വലിയ പെരുന്നാളിന് നിർവഹിക്കപ്പെടുന്ന വളരെ ശ്രേഷ്‌ഠമായ ഒ രു കർമ്മമാണ്
ഉള്ഹിയ്യത്ത്. ഈ സൽകർമ്മം പരിശുദ്ധ ഖുർആൻ ഹദീസ് ഇജ്‌മാഅ് എന്നിവ കൊണ്ട്
സ്ഥിരപ്പെട്ട കാര്യമാണ്.
عَظِمُوا صَحَايَاكُمْ فَإِنَّهَا على
الصراط مطاياكم
'ഉള്ഹിയ്യത്തിനെ ആദരിക്കുക, കാരണം സ്വിറാത്ത്
പാലത്തിൽ അത് നിങ്ങ ളുടെ വാഹനമാകുന്നതാണ്'. മറ്റൊരു ഹദീസിൽ : 'ബലിപെരുന്നാൾ ദിവ
സത്തിൽ ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും നല്ല ഇബാദത്ത് ഉള്ഹിയ്യത്ത് അ റുക്കലാണ്.
അങ്ങനെ ഒരു മനുഷ്യൻ ഉള്ഹിയ്യത്ത് നടത്തിയാൽ ആ മൃഗം അതിന്റെ കൊമ്പുകളും
കുളമ്പുകളുമായി അല്ലാഹുവിൻറെ അടുക്കൽ സാ ക്ഷി നിൽക്കുന്നതാണ്. ഇത് കാരണമായി നിങ്ങൾ
സ്വയം സന്തോഷിക്കുവിൻ'
മറ്റു സുന്നത്തായ സ്വദഖയെക്കാൾ ശ്രേഷ്‌ഠതയുണ്ട് ഉള്ഹിയ്യത്തി ന്. തനിക്കും താൻ
ചെലവ് കൊടുക്കൽ നിർബന്ധമായ ആളുകൾക്കും, പെ രുന്നാൾ ദിവസത്തിൽ ചെലവിന് ആവശ്യമായ സമ്പത്ത്
ഒഴിച്ച് ഉള്ഹിയ്യ ത്ത് നിർവഹിക്കാൻ ശേഷിയുള്ളവന് ഇത് സുന്നത്താണ്. ഇത് ഒഴിവാക്കൽ
കറാഹത്താണ്. ഹനഫി മദ്ഹബിൽ ഈ കർമ്മം നിർബന്ധവും ഒഴിവാ ക്കൽ കുറ്റകരവുമാണ്. ദുൽഹിജ്ജ
ഒന്നു മുതൽ 13 വരെയുള്ള ദിവസങ്ങ
ളിൽ നഖം,
മുടി,
രക്തം എന്നിവ നീക്കം ചെയ്യൽ ഉള്ഹിയ്യത്ത് കൊടുക്കാൻ ഉദ്ദേശിച്ചവർക്ക്
കറാഹത്താണ്. നഖവും മുടിയും നീക്കൽ വെള്ളിയാഴ്‌ച സുന്നത്താണെങ്കിലും ഈ വിധിക്ക്
മാറ്റമില്ല. അറവ് കഴിയുന്നതോടെ കറാ ഹത്തിന്റെ സമയം കഴിയും ദുൽഹിജ്ജ മാസപ്പിറവി
കണ്ടാൽ ശരീരത്തിൽ ഉണ്ടായിരുന്ന എല്ലാ ഘടകങ്ങളും ആ മഹത്തായ കർമ്മത്തിൽ പങ്കുചേരു ക
മുഖേന ലഭിക്കുന്ന പുണ്യവും, പവിത്രതയും, പാപമോചനവും ശരീര ത്തിലെ ഒരു ഘടകത്തിനും നഷ്ടപ്പെടാതിരിക്കുക
എന്ന ഉദ്ദേശമാണ് ഇതി ന്റെ പിന്നിലുള്ളത്.

0 Comments