ഹാഫിള് ഹബീബ് തിരുവനന്തപുരം
മുഹമ്മദ് റസൂലിനോളം എഴുതപ്പെട്ട ആരും തന്നെയില്ല. അനുകൂലിച്ചും പ്രതികൂലിച്ചും പരസഹസ്രം രചനകൾ എല്ലാ ഭാഷകളിലും പതിനാല് നൂറ്റാണ്ടെഴുതിയിട്ടും എഴുതി പൂർത്തിയാക്കാതിരിക്കുന്ന അമാനുഷിക സൗകുമാര്യം. വിരസത തോന്നാത്ത ജീവിതങ്ങളാണ് പ്രവാചകരുടേത്. നിഷ്കളങ്കതയും വിശാല വീക്ഷണവും മാന്യമായ പെരുമാറ്റവും പ്രശാന്തവും ചിന്തോദ്ദീപവുമായ സംസാരവും ആകർഷകമായ രൂപം... ഇങ്ങനെ പോകുന്നു ആ വ്യക്തിത്വം. "താങ്കൾ അതി മഹത്തായ സ്വഭാവത്തിന്മേലാണ്"എന്ന ഖുർആനിക വചനം അന്യർത്ഥമാക്കിയുള്ള ജീവിതമായിരുന്നു അവിടുത്തേത്. നബി വ്യക്തിത്വത്തിന്റെ പ്രത്യേകത സ്വഭാവ മഹനീയതയാണ്. ഖുറൈശികളെ ഏറെ അലട്ടിയിരുന്ന ഒരു പ്രശ്നമായിരുന്നു പ്രവാചകനുമായുള്ള ആശയവിനിമയം. നടത്തിയവരൊക്കെ അനുയായികളായി മാറി. അത് ഖുറൈശികളെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയായിരുന്നു. അവരുടെ കൺമുന്നിൽ തുടരെത്തുടരെ ഉണ്ടായ അനുഭവങ്ങളാണ് ഭയത്തിന് കാരണം. പ്രവാചകനെ വധിക്കാൻ നടന്ന ഖുറൈശി പ്രമുഖൻ ആയിരുന്നു പിന്നീട് ഇസ്ലാമിൻ്റെ നെടുംതൂണായി നിഴലായി മാറിയ ഉമറുബ്നു ഖത്താബ് (റ) പരിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങൾ അവിചാരിതമായി വായിച്ചു കേട്ട നിമിഷത്തിൽ തന്നെ നബിയുടെ അനുയായി മാറിയത് അവർ കണ്ടതാണ്. വധിക്കാൻ നടക്കുന്നവർ ആജ്ഞ അനുവർത്തിക്കുന്നത് അത്ഭുതം തന്നെയല്ലേ! തന്റെ പ്രബോധന കാലത്ത് പലരും വിശ്വാസത്തിലേക്ക് കടന്നുവന്നെങ്കിലും ആ വ്യക്തിത്വ വിശേഷണങ്ങളിൽ ആർക്കും സംശയങ്ങളിലില്ലായിരുന്നു. ചരിത്രത്തിൽ കടന്നുപോയ ഒരാളും റസൂലിനെ പറ്റി ചിന്തിക്കാതെ പോയിട്ടില്ല. അറിഞ്ഞവർ മുഴുവനും ആ വ്യക്തിത്വത്തെക്കുറിച്ച് സംസാരിച്ചു. വായനയിൽ കൃത്രിമത്വവും ചായവും കാണിക്കാത്തവർ മുഴുവൻ നല്ലത് പറഞ്ഞു. ആ ഔന്നത്യത്തിൽ വിസ്മയം കൂറി ഭൂവഴി പോയവരാരും ആ പ്രഭ കണ്ടൽപ്പനേരം കണ്ണഞ്ചി നിൽക്കാതിരുന്നിട്ടില്ല. ഈ പച്ചപ്പും ശാദ്വലതയും കുളിർ തെന്നലും ഏറ്റു അല്പം തരളിതരാവാതിരുന്നില്ല. ഒരു യാത്രയും ഈ യുഗപുരുഷനിൽ നിന്ന് ഒരു തിരി പകർത്തിയെടുക്കാതെ മുന്നോട്ട് നീങ്ങിയിട്ടില്ല. ജീവിതകാലത്ത് എന്നപോലെ മരണശേഷവും തന്റെ ഉജ്വല വ്യക്തിത്വത്തിലേക്ക് ലോകത്തെ ആകർഷിച്ചു കൊണ്ടേയിരിക്കുന്നു റസൂൽ (സ്വ). അല്ലാഹുവിൻറെ ഏകത്വവും മനുഷ്യസമത്വവും പ്രവാചകൻ പ്രഖ്യാപിച്ചു. ആത്മനിഷ്ഠമായ ജീവിതം, രാജ്യസ്നേഹം, മതസഹിഷ്ണുത ഇതായിരുന്നു ആ മഹാത്മാവിന്റെ പ്രബോധനത്തിന്റെ കാതലായ ഭാഗം. അവസാനിക്കാത്ത പരിവർത്തനത്തിന്റെ കാലം. കാലാകാലം ലോകത്ത് നിലനിൽക്കുന്ന ചിന്താ കർമ്മപദ്ധതിയാണ് മനുഷ്യകുലത്തിന് പ്രവാചകൻ പ്രധാനം ചെയ്തത്. മറ്റു ലോക നേതാക്കളിൽ നിന്ന് പ്രവാചകനെ വ്യത്യസ്തമാക്കുന്നത് നബി (സ്വ) മനുഷ്യജീവത്തിന് വേണ്ട തത്വങ്ങൾ സ്വയം ജീവിച്ചു കാണിച്ചു എന്നതാണ്. ലാളിത്യവും വിനയവുമായിരുന്നു അവിടുത്തെ ജീവിതം മുദ്ര. നബിയുടെ വാസസ്ഥലത്തിനോട് ചേർന്ന് പള്ളിയും ലാളിത്യത്തിന്റെ ഉയർന്ന ഉദാഹരണമായിരുന്നു. സത്യവിശ്വാസം ഉൾപ്പെടെ ഒരായിരം മൂല്യങ്ങൾ കൊണ്ട് നമ്മെ അലങ്കരിച്ചതും അവിശ്വാസമുൾപ്പെടെ ഒരായിരം മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിച്ചതും പ്രവാചകനാണ്. സ്വരക്ഷയല്ല അനുയായികളുടെ രക്ഷയാണ് തൻറെ കർത്തവ്യം എന്ന് പ്രവാചകൻ മനസ്സിലാക്കി. ഓരോ മുസ്ലിമിനെയും സുരക്ഷിതസ്ഥാനത്ത് എത്തിച്ച ശേഷം മാത്രം രക്ഷാമാർഗ്ഗം നേടുക എന്ന നേർഗുണമാണ് പ്രവാചകൻ കാണിച്ചത്. പ്രവാചകത്വത്തിലേക്ക് ഉയർത്തപ്പെടുന്നതിനു എത്രയോ മുമ്പ് ബാല്യകാലത്ത് തന്നെ "നല്ലവൻ" എന്ന പേര് സമ്പാദിച്ചവരാണ് മുഹമ്മദ് നബി (സ്വ). പെരുമാറ്റത്തിലെ മഹിമയിലൂടെ ആ "വിശ്വസ്ഥൻ" എല്ലാവർക്കും പ്രിയങ്കരനായി. മാനവ സമുദായത്തിന്റെ ചിന്തയിലും സംസ്കാരത്തിലും സദാചാരത്തിലും ജീവിതശൈലിയിലും ഇത്രയേറെ അഗാതമായും സമഗ്രമായും സ്വാധീനം ചെലുത്തിയ ഒരു നേതാവിനെ പ്രവാചകന് തുല്യം കണ്ടെത്തൽ സാധ്യമല്ല. നന്മയിലേക്കുള്ള ഒരു അനക്കം പോലും നന്മയാണ് എന്ന് പഠിപ്പിച്ച പ്രവാചകൻ്റെ അനുയായികളാണ് നാം. പ്രവാചകന്റെ തിരുചര്യകൾ ഇന്നും അസ്തമിക്കാത്ത സൂര്യനെ പോലെ അറ്റമില്ലാത്ത തിരമാലകളെ പോലെ പാരാവാരം പോലെ പരന്നുകിടക്കുന്നു. അവിടുത്തെ ജീവിതത്തിൻറെ ഒരംശം തന്റെ ഹൃദയത്തോട് ചേർത്താൻ വെമ്പൽ കൊള്ളുന്നു. അനാഥൻ, ആട്ടിടയൻ, കച്ചവടക്കാരൻ, പരിഷ്കർത്താവ്, നയതന്ത്രജ്ഞൻ, ആസൂത്രകൻ, പടയാളി, പടത്തലവൻ, ഭരണാധിപൻ, അധ്യാപകൻ, അന്വേഷി ഭാവപ്രർച്ചകളിൽ മിഴിവേറുന്ന പ്രവാചക ജീവിതം, ജ്ഞാനപ്രപഞ്ചത്തിന്റെ അടിത്തറ പാകിയ പ്രവാചകൻ, ആ ജീവിതത്തെ അവിസ്മരിക്കുന്നു. നാഥൻ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.

0 Comments